Thursday, November 15, 2007

ദുബൈ എയര്‍ ഷോ 2007

ദുബായ് ഫെയര്‍സ് ആന്റ് എക്ഷിബിഷന്‍സ് കമ്പനിയും, ദുബായ് ഡിഫന്‍സും, ദുബായ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സിവില്‍ ഏവിയേഷനും സംയുക്തമായി ദുബായില്‍ നടത്തുന്ന എയര്‍ ഷോയെപ്പറ്റിയുള്ള വിശദ വിവരങ്ങള്‍ അപ്പുവിന്റെ പോസ്റ്റില്‍ കാണാം.

അതിന്റെ ആവേശമുള്‍ക്കൊണ്ട് പടം പിടിക്കാനിറങ്ങിയതാണ് ഇന്നലെ. അപ്പു പൊന്നു പോലെ കൊണ്ടു നടക്കുന്ന നിക്കോണ്‍ ഡി 50 ക്യാമറ, സിഗ്മാ സൂം ലെന്‍സോടു കൂടി കടം തന്നു. എയര്‍പോര്‍ട്ട് റണ്‍‌വേയുടെ വെറും നൂറ് വാര അകലെയാണ് ഞങ്ങളുടേ ആപ്പീസ്. റണ്‍‌വേയുടെ അടുത്ത് ചെന്നു നിന്ന് കുറേക്കൂടി നല്ല പടങ്ങള്‍ എടുക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ എയര്‍പോര്‍ട്ട് പോലീസ് കണ്ടാല്‍ പിന്നെ ഫോട്ടോ പോയിട്ട് അപ്പൂന്റെ ക്യാമറ പോലും തിരികെ കിട്ടില്ലെന്ന് ഉറപ്പുണ്ടായിരുന്നതിനാല്‍ ഞങ്ങളുടെ ആപ്പീസ് മുറ്റത്ത് നിന്ന് എടുത്തിരി‍ക്കുന്ന ഫോട്ടോകളാണ് ഇത്. ഫോട്ടോയുടെ ക്വാളിറ്റിയെപ്പറ്റി ഒന്നും പറയേണ്ടല്ലൊ .... നിങ്ങളുടെ പ്രതീക്ഷയ്ക്കത്ര മോശമായിട്ടില്ല.

1. British Aerospace Hawks - Red Arrows Team
ഇത്തവണത്തെ എയറോ ബാറ്റിക്സില്‍ പ്രധാനികളാണ് ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സിന്റെ റെഡ് ആരോസ് ടീം. ആകാശത്ത് വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ക്കുന്ന ഇവരുടെ പ്രകടനങ്ങള്‍ വളരെ മനോഹരമാണ്. 1500 മണിക്കൂറുകളെങ്കിലും ശബ്ദാതിവേഗ വിമാനങ്ങള്‍ പറത്തിയ പരിചയമുള്ളവരില്‍ നിന്നാണ് റെഡ് ആരോ ഈ സാഹസികരായ പൈലറ്റുമാരെ തെരഞ്ഞ്ടുക്കുന്നത്. മൂന്ന് വര്‍ഷമാണ് ഒരു പൈലറ്റിന്റെ സേവനം ലഭ്യമാക്കുക. ഓരോ വര്‍ഷവും മൂന്ന് പൈലറ്റുമാര്‍ക്ക് പകരം പുതിയ മൂന്ന് പൈലറ്റുമാര്‍ എത്തും. അങ്ങനെ എപ്പോഴും ഈ ടീമില്‍ മൂന്ന് പുതിയ പൈലറ്റുമാര്‍, മൂന്ന് രണ്ടാം വര്‍ഷക്കാര്‍, മൂന്ന് അവസാന വര്‍ഷക്കാര്‍ എന്നിവരുണ്ടാകും. ഏറ്റവും രസകരമായ വസ്തുത ഇവര്‍ക്ക് ഒരു റിസേര്‍വ് പൈലറ്റ് ഇല്ല എന്നതാണ്. ഏറ്റവും മുന്‍പില്‍ പറക്കുന്ന പൈലറ്റിനൊഴികെ മറ്റ് ഏതെങ്കിലും പൈലറ്റിന് വിമാനം പറത്താന്‍ കഴിയാതെ വന്നാല്‍ അന്ന് ബാക്കി വിമാനങ്ങളെ പറക്കൂ. എപ്പോഴും ഇവര്‍ പറക്കുന്ന പൊസിഷനുകളും കൃത്യമായിരിക്കും. അതുകൊണ്ട് തന്നെ ഒന്നാം നമ്പര്‍ പൈലറ്റിന് (റെഡ് 1) പനി പിടിച്ചാല്‍ മാത്രമാണ് ഇവര്‍ക്ക് പൊതു അവുധി. :)

വിമാനത്തിന്റെ അടിഭാഗത്ത് സൂക്ഷിച്ചിരിക്കുന്ന ഡീസല്‍, എക്സോസ്റ്റിലേക്ക് കലര്‍ത്തിയാണ് ഇടയ്ക്കിടെ നീണ്ട പുകവാല്‍ (smoke trail) ഇവര്‍ ഉണ്ടാക്കുന്നത്. അതില്‍ ഇടയ്ക്കിടെ കളറും കലക്കി സംഭവം ഗംഭീരമാക്കും.

2. F-16 Fighting Falcon
അമേരിക്കന്‍ എയര്‍ഫോഴ്സിന്റേതാണ് ഈ ഒറ്റ എഞ്ചിന്‍‌കാരന്‍‍. കൊസോവോ, അഫ്ഗാനിസ്ഥാന്‍, ഇറാക്ക് എന്നീ യുദ്ധങ്ങളിലെ പ്രധാനികളില്‍ ഒരാളായിരുന്നു ഈ യുദ്ധക്കൊതിയന്‍. പാകിസ്ഥാന് ഇവന്‍ സ്വന്തമായിട്ടുണ്ട്. ഇന്‍ഡ്യ വാങ്ങാനായി പദ്ധതികള്‍ തയ്യാറാക്കുന്നു. 1991 ല്‍ ഇറാക്കില്‍ മാത്രം ഇവന്‍ 13,000 ല്‍ പരം തവണ ലക്ഷ്യം കണ്ട് തിരികെ വന്നിരുന്നു ‍. ആകെ നഷ്ടപ്പെട്ടത് 5 വിമാനങ്ങളും. ഇവന്റെ യുദ്ധ വിവരണങ്ങള്‍ എഴുതാന്‍ മാത്രം ഒരുപോസ്റ്റ് വേണ്ടി വരും. കൂടുതല്‍ വായനയ്ക്ക് ഇവിടെ പോകുക.













3. F-18 Super Hornet
ഇവന്‍ പുതുമുറക്കാരനാണ്. പക്ഷേ കൈയിലിരുപ്പിന്റെ കാര്യത്തില്‍ എഫ് 16 ന്റെ ചേട്ടന്‍. ബോയിംഗ് കുടുംബത്തില്‍ നിന്നും വന്നവനാണ്, ഇരട്ട ചങ്കുള്ളവന്‍ എന്നൊക്കെ പറയും പോലെ ഈ ഇരട്ട എഞ്ചിനുള്ളവന്‍. അതു കൊണ്ട് തന്നെ വേഗതയും, പിന്നെ അഭ്യാസ പ്രകടനങ്ങളും വളരെ കൂടുതലാണ് ഇവന്. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ യുദ്ധം ചെയ്യാന്‍ മിടുക്കന്‍. ഇവന്റെ മറ്റൊരു പ്രത്യേകത ആകാശത്ത് വച്ച് മറ്റുള്ളവര്‍ക്ക് ഇന്ധനം നിറച്ചു കൊടുക്കാനുള്ള കഴിവും ഉണ്ടെന്നതാണ്. നിലവില്‍ ഇവന്‍ അമേരിക്കന്‍ എയര്‍ ഫോഴ്സിനു മാത്രം സ്വന്തം, ഓസ്ട്രേലിയന്‍ റോയല്‍ എയര്‍ഫോഴ്സ് 24 എണ്ണം ഓര്‍ഡര്‍ ചെയ്തിട്ടുണ്ടായിരുന്നു. കിട്ടിത്തുടങ്ങിയോ എന്നറിയില്ല.

4. Pilatus PC-21

സ്വിറ്റ്സര്‍ലാന്‍ഡിലെ പിലാറ്റസ് എയര്‍ക്രാഫ്റ്റ് കാരുടേതാണ് 1997 ല്‍ പുറത്തിറങ്ങിയ ഈ പരിശീലന വിമാനം. .

രണ്ട് വര്‍ഷം മുന്‍പ് സ്വിറ്റ്സര്‍ലാന്റിലെ ഒരു പരിശീലനപ്പറക്കലില്‍ ഇവരുടെ ഒരു വിമാനം തകര്‍ന്ന് പൈലറ്റും, താഴെ നിന്നിരുന്ന ഒരു മനുഷ്യനും മരിച്ചിരുന്നു.





5. Joint Fighter 17 Thunder - JF Thunder
പാകിസ്ഥാന്റെയും, ചൈനയുടെയും കൂടെയുള്ള ഒരു സംയുക്ത സംരഭമാണ് ഈ ഒറ്റ സീറ്റര്‍ വിമാനം. ഇക്കഴിഞ്ഞ (2007) മാര്‍ച്ചിലാണ് ആദ്യത്തെ രണ്ട് വിമാനങ്ങള്‍ പാകിസ്താന്‍ എയര്‍ ഫോഴ്സിന് ലഭിച്ചത്. ഈ രണ്ട് രാജ്യങ്ങളെ കൂടാതെ സിംബാബ്‌വേയും, അസര്‍ബൈജാനും ഓര്‍ഡര്‍ ചെയ്തു കാത്തിരിക്കുന്നു.






6. Airbus A380
പറക്കുന്ന കൊട്ടാരം. ഇന്ന്‌ ലോകത്തുള്ളതില്‍ വച്ചേറ്റവും വലിയ യാത്രാ‍ വിമാനം. 850 ല്‍ കൂടുതല്‍ യാത്രക്കാരേയും വഹിച്ചു കൊണ്ട് ഒറ്റയടിക്ക് 15,000 ല്‍‌പരം കിലോമീറ്ററുകള്‍ നിര്‍ത്താതെ പറക്കാന്‍ കഴിവുള്ള രണ്ടുനിലക്കാരനായ ഇവനെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അപ്പുവിന്റെ പോസ്റ്റിലും, ദേവേട്ടന്റെ പോസ്റ്റിലും വായിക്കാം.


7. Dassault Rafale
ഫ്രഞ്ച് നേവിയും, എയര്‍ ഫോഴ്സും ഒരു പോലെ ഉപയോഗിക്കുന്ന ഒരു വിമാനമാണ് Dassault Rafale. റഡാറിന്റെ കണ്ണില്‍ പെടാതിരിക്കാനുള്ള സോഫ്റ്റ് വെയര്‍ ടെക്നോളജി ഉപയോഗിച്ച ആദ്യ യുദ്ധവിമാനമാണ് ഇവന്‍. കണ്ണില്‍ പെടാത്ത ദൂരത്തുള്ള പ്രതിയോഗികളേയും, അടുത്തുള്ളവരേയും ആകമിക്കാന്‍ ഒരു പോലെ കഴിവുള്ളവനാണിവന്‍.


8. B117 - Night Hawk
റഡാറില്‍ കിട്ടാത്ത ഈ അമേരിക്കന്‍ ബോംബര്‍ വിമാനം എന്റെ ക്യാമറയേയും കളിപ്പിച്ചു. കുറെയേറെ ശ്രമിച്ചിട്ടാണ് ഈ പടമെങ്കിലും കിട്ടിയത്.

റഡാറിന്റെ കണ്ണില്‍ പെടാതെ ഒളിച്ചു കളിക്കാന്‍ ഇവനെ സഹായിക്കുന്നത് ഇവന്റെ രൂപകല്‍പ്പനയും, പിന്നെ ഇവന്റെ ബോഡിയ്ക്കായ് ഉപയോഗിച്ചിരിക്കുന്ന മെറ്റീരിയലും ആണ്. ഇവനേക്കാള്‍ മെച്ചപ്പെട്ട വിമാനങ്ങള്‍ ഇപ്പൊ അവരുടെ കൈയില്‍ ഉള്ളതിനാലും, ഇവന്റെ മെയിന്റനന്‍സ് ചെലവുകള്‍ വളരെ കൂടുതലായതിനാലും ഇപ്പൊ അമേരിക്കന്‍ എയര്‍ ഫോഴ്സ് എല്ലാ ബി117 വിമാനങ്ങളും തിരിച്ചിറക്കുകയാണ്. 2008-ഓടു കൂടി പിന്‍‌വലിക്കല്‍ പൂര്‍ണ്ണമാകുമത്രേ...!!

9. Karakorum 8
ഇതും മറ്റൊരു ചൈനാ-പാക്ക് സംരംഭമായ ഇന്‍സ്ട്രക്ടര്‍ വിമാനം.

















10. Mikoyan MiG-35
റഷ്യയുടെ തന്നെ മിഗ് 29 ന്റെ ഒരു പരിഷ്കരിച്ച പതിപ്പാണ് ഈ വര്‍ഷം പുറത്തിറങ്ങിയ ഈ കിടിലന്‍ യുദ്ധവിമാനം. ഈ വര്‍ഷം ബാംഗ്ലൂരില്‍ നടന്ന Aero India 2007 Air Show യിലായിരുന്നു ഇവന്റെ പൊതു പ്രദര്‍ശനം. അന്ന്‌ മോസ്കോയില്‍ നിന്നും ബാംഗ്ലൂരില്‍ വരെ 3 മണിക്കൂറില്‍ കുറഞ്ഞ സമയം കൊണ്ട് പറന്ന് വന്ന് ഇവന്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഇവന്റെ കഴിവുകളെപ്പറ്റി വിക്കിപ്പീഡിയ ദാ ഇങ്ങനെ പറയുന്നു.

In air combat, the electronics suite allows: Detection of non-afterburning targets at 45 km range and more;
Identification of those targets at 8 to 10 km range; and
Estimates of aerial target range at up to 15 km.

For ground targets, the suite allows:
A tank-effective detection range up to 15 km, and aircraft carrier detection at 60 to 80 km;
Identification of the tank type on the 8 to 10 km range, and of an aircraft carrier at 40 to 60 km; and
Estimates of ground target range of up to 20 km.


11. Patrouille de France Team
ഇന്നലത്തെ എയര്‍ഷോ അവസാനിച്ചത് ഫ്രഞ്ച് എയര്‍ ഫോഴ്സിന്റെ എയറോബാറ്റിക് ടീമായ Patrouille Acrobatique de France എന്ന PAF Team ന്റെ പ്രകടനത്തോടെ ആയിരുന്നു.









എഴുതിയ വിവരങ്ങളില്‍ അനേകം തെറ്റുകള്‍ കണ്ടേക്കാം.എല്ലാ വിധ അഭിപ്രായങ്ങളും തിരുത്തുകളും സ്വാഗതം ചെയ്യുന്നു.

ഇത് ഇങ്ങനെ ഒരു പരുവത്തിലാക്കാന്‍ എന്നെ സഹായിച്ച അപ്പുവിനോടും, എന്റെ സഹപ്രവര്‍ത്തകനും വിമാനങ്ങളോട് ഒരു വല്ലാത്ത അഭിനിവേശവുമുള്ള കൃഷ്ണകുമാറിനോടും നന്ദി രേഖപ്പെടുത്തുന്നു. വിവരങ്ങള്‍ക്ക് കടപ്പാട് വിക്കി പീഡിയയോട്.

ഇന്ന്‌ എയര്‍പോര്‍ട്ട് എക്സ്‌പോയുടെ ഉള്ളില്‍ കയറി ഷോ കാണാന്‍ ദേവേട്ടന്‍ പാസ് തന്നിട്ടുണ്ട്. അവിടെ കയറി കുറേ ഫോട്ടോകളൂടെ എടുക്കാം. അത് പിന്നീട്.


കൂടുതല്‍ വായനക്ക്
http://en.wikipedia.org/wiki/Red_Arrows
http://en.wikipedia.org/wiki/F-16_Fighting_Falcon
http://en.wikipedia.org/wiki/F/A-18_Super_Hornet
http://en.wikipedia.org/wiki/Pilatus_PC-21
http://www.pakdef.info/pakmilitary/airforce/ac/k8.html
http://en.wikipedia.org/wiki/Mikoyan_MiG-35
http://en.wikipedia.org/wiki/Patrouille_de_France